റഷ്യൻ ഊർജ മേഖലയ്ക്ക് മേലുള്ള സമ്മർദം ശക്തമാക്കുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ യുഎസ് പ്രതിനിധിസഭ പാസാക്കി. 159നെതിരെ 262 വോട്ടുകൾക്കാണ് ബിൽ അംഗീകരിച്ചത്. സെനറ്റും നേരത്തെ ബിൽ പാസാക്കിയിരുന്നു. ഇനി പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചാൽ നിയമമായി മാറും.
റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താൻ പ്രസിഡണ്ടിന് അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള റഷ്യൻ ഊർജത്തിൻ്റെ പ്രധാന ഉപഭോക്താക്കളെയാണ് നടപടി ലക്ഷ്യമിടുന്നത്. അതേസമയം, ബിൽ നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് നേരിട്ട് 100 ശതമാനം തീരുവ ചുമത്തുന്നില്ല. പ്രസിഡണ്ടിന് അത്തരമൊരു തീരുവ ഏർപ്പെടുത്താനുള്ള അധികാരമാണ് നൽകുന്നത്. ദേശീയ താൽപര്യം പരിഗണിച്ച് ചില രാജ്യങ്ങൾക്ക് ഇളവ് അനുവദിക്കാനും പ്രസിഡണ്ടിന് അധികാരമുണ്ടാകും.
റഷ്യൻ ഉദ്യോഗസ്ഥർ, ധനകാര്യ സ്ഥാപനങ്ങൾ, ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ തുടങ്ങിയവയ്ക്കെതിരായ നടപടികളും ബില്ലിലുണ്ട്. ഇറാനെതിരായ നിലവിലെ ചില ഉപരോധങ്ങൾ അഞ്ച് വർഷത്തേക്ക് നീട്ടാനും നിയമനിർമാണം വ്യവസ്ഥ ചെയ്യുന്നു.