പരസ്പരം ആലിംഗനം ചെയ്യുന്നതിനിടെ നിലതെറ്റി സബ്‌വേ ട്രെയിനിന് മുന്നിലേക്ക് വീണ ഇന്ത്യൻ വംശജയായ യുവതിയും നേപ്പാളി-അമേരിക്കൻ യുവാവും മരിച്ചു. ന്യൂജേഴ്‌സി ഡെയ്ടൺ സ്വദേശിയായ മലൈക ചിത്രെ (24), സെയ്തെവില്ലെ സ്വദേശിയായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്.
ലോവർ മാൻഹട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ രാവിലെയായിരുന്നു അപകടം. ഡൗൺടൗൺ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന നമ്പർ 4 ട്രെയിൻ എത്തുന്നതിനിടെ ഇരുവരും ട്രാക്കിൽ അകപ്പെടുകയായിരുന്നു.
അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളിൽ യുവതി ചിരിക്കുന്നതും യുവാവിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതും കാണാം. ഇതിനിടെ നവം കൗൾ ട്രാക്കിലേക്ക് വീഴുകയും ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലൈകയും ട്രാക്കിലേക്ക് ഇറങ്ങിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തുടർന്ന് നാല് ബോഗികൾ ഇരുവരെയും ഇടിച്ചുകടന്നതായി റിപ്പോർട്ടുണ്ട്.
മലൈക ചിത്രെ ‘അക്കാഡിയ ഫാർമസ്യൂട്ടിക്കൽസി’ൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നവം കൗൾ ബ്ലൂംബെർഗിൽ ഫിനാൻഷ്യൽ ഡാറ്റാ അനലിസ്റ്റായിരുന്നു.