കുട്ടികളുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതും സുരക്ഷാ ഭീഷണി ഉയർത്തുന്നതുമായ കേസുകൾ ഇനി നിയമപാലകരെ അറിയിക്കാമെന്ന് മെറ്റ സമ്മതിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഹാനികരമായ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കിയതിന് പിന്നാലെയാണ് മെറ്റയുടെ തീരുമാനം. ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും കുട്ടികളുടെ സുരക്ഷ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കുട്ടികളെ ബാധിക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുട്ടികൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള ആദ്യപടിയാണ് മെറ്റയുടെ തീരുമാനമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇത്തരം ഉള്ളടക്കങ്ങൾ മുൻകൂട്ടി കണ്ടെത്തി നീക്കം ചെയ്യുന്നതിനായി മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമായും സർക്കാർ ചർച്ച തുടരുകയാണ്.

അതിനിടെ, കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) സമൻസ് അയച്ചതിനെ തുടർന്ന് മെറ്റ പ്രതിനിധികൾ സെപ്റ്റംബർ 9ന് കമ്മീഷൻ ഓഫീസിൽ ഹാജരായിരുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്ന ബിബിസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. തുടർന്ന് മെറ്റ പ്ലാറ്റ്ഫോംസിന് നോട്ടീസ് നൽകുകയും ഒരാഴ്ചയ്ക്കകം മെറ്റ മറുപടി സമർപ്പിക്കുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ പണം നൽകി നൽകിയ പരസ്യങ്ങൾ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം പ്രോത്സാഹിപ്പിച്ചെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ ഡൽഹി പൊലീസിനും നിർദേശം നൽകിയിരുന്നു. പോക്‌സോ നിയമപ്രകാരമുള്ള നിർബന്ധിത റിപ്പോർട്ടിങ് ബാധ്യതകൾ മെറ്റയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാൻ പൊലീസ് നിർദേശിച്ചിരുന്നു.

Related Posts