വൈദ്യുതി പ്രതിസന്ധിക്കിടെ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് കെഎസ്ഇബി. എൻടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് കെഎസ്ഇബി വേണ്ടെന്ന് വച്ചത്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഭാവിയിൽ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പിന്മാറ്റം.
നിലവിൽ കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉറപ്പായിട്ടുള്ളത്. ബദൽ മാർഗം കണ്ടെത്താനായില്ലെങ്കിൽ ഇന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ട്.
രാത്രികാല വൈദ്യുതി നിയന്ത്രണത്തിൻ്റെ പേരിൽ സർക്കാർ കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് യൂണിറ്റിന് 30 രൂപ എന്ന റെക്കോർഡ് നിരക്കിൽ എൻടിപിസിയിൽ നിന്നും വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം നടത്തിയത്. എന്നാൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിൻ്റെ അധികബാധ്യത പിന്നീട് ജനങ്ങളിലേക്ക് എത്തുമെന്ന ആശങ്കയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ കാരണം.
അതേസമയം, പ്രതിസന്ധിക്കിടയിലും യൂണിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്.