ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളും ഭീഷണികളും പ്രതിരോധിക്കുന്നതിനായി ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക. യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്കാണ് ഇക്കാര്യം ആദ്യമായി പരസ്യമായി സ്ഥിരീകരിച്ചത്. മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന എയർ ആൻഡ് സ്പേസ് ഫോഴ്സ് അസോസിയേഷന്റെ എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് സ്പേസ് ഫോഴ്സിന് നിലവിൽ ഭ്രമണപഥത്തിൽ ‘സ്പേസ് കൺട്രോൾ വെപ്പൺസ്’ ഉണ്ടെന്നും ശത്രുപക്ഷത്തിൻ്റെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ സൈനിക വിഭാഗങ്ങളെ സംരക്ഷിക്കാൻ ഇവയ്ക്ക് കഴിയുമെന്നും മെയ്ങ്ക് വ്യക്തമാക്കി. ഭീഷണികൾ എവിടെ നിന്നുണ്ടായാലും നേരിടാൻ അമേരിക്ക തയ്യാറാണെന്ന സന്ദേശവും അദ്ദേഹം നൽകി.
എന്നാൽ ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്ന ആയുധങ്ങളുടെ എണ്ണം, സ്വഭാവം, കൃത്യമായ ശേഷി, എപ്പോൾ വിന്യസിച്ചു തുടങ്ങിയ വിവരങ്ങൾ മെയ്ങ്ക് പുറത്തുവിട്ടിട്ടില്ല. ഇക്കാര്യം മനഃപൂർവം വെളിപ്പെടുത്തിയതാണെന്നും തൻ്റെ വാക്കുകൾ വളരെ ആലോചിച്ചെടുത്തതാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
ചൈനയും റഷ്യയും ബഹിരാകാശ മേഖലയിൽ സൈനിക ശേഷി വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രഖ്യാപനം. ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെയും മറ്റ് ബഹിരാകാശ സംവിധാനങ്ങളെയും നേരിടാനുള്ള കൗണ്ടർ-സ്പേസ് ശേഷി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തൽ. പ്രഖ്യാപനം ബഹിരാകാശത്തെ ആയുധമത്സരം കൂടുതൽ ശക്തമാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ ചൈന രംഗത്തെത്തി. ബഹിരാകാശത്തെ സൈനികവൽക്കരണം അവസാനിപ്പിക്കണമെന്നും ആയുധമത്സരത്തിലേക്ക് നീങ്ങരുതെന്നും ചൈന ആവശ്യപ്പെട്ടു. ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചെന്ന കാര്യം അമേരിക്ക ആദ്യമായാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.