ബെംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയിലെ ഒമ്പത് ജില്ലകളിൽ നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദക്ഷിണ ഉൾനാടൻ കർണാടകയിൽ മഴ സജീവമാകുന്നതിനുള്ള സാഹചര്യമുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നഗരത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ശക്തമാകാനും ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ദക്ഷിണ ഉൾനാടൻ മേഖലയിൽ രൂപപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളാണ് മഴയ്ക്ക് പ്രധാന കാരണം. ചൊവ്വാഴ്ച കോലാർ ഉൾപ്പെടെയുള്ള മേഖലകളിൽ മഴ ലഭിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ബുധനാഴ്ചയും ദക്ഷിണ കർണാടകയിൽ മഴ പ്രതീക്ഷിക്കുന്നത്.
അതേസമയം, തീരദേശ കർണാടകയിലും വടക്കൻ ഉൾനാടൻ മേഖലകളിലും വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ബെംഗളൂരുവിലെ ഐ.ടി. ജീവനക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും യാത്രക്കാരും നാളെ മഴയും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് യാത്രാ സമയം ക്രമീകരിക്കുന്നത് ഉചിതമായിരിക്കും.