ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ അന്തർസംസ്ഥാന ബസുകൾക്കെതിരെ തമിഴ്നാട് മോട്ടോർ വാഹനവകുപ്പിൻ്റെ കർശന പരിശോധന. ചൊവ്വാഴ്ച പുലർച്ചെ ഹൊസൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ 20-ലേറെ ബസുകൾക്കെതിരെ നടപടി സ്വീകരിച്ച് ഏകദേശം 25 ലക്ഷം രൂപ പിഴ ചുമത്തി.
വെല്ലൂർ ട്രാൻസ്പോർട്ട് ജോയിന്റ് കമ്മീഷണറുടെയും ഹൊസൂർ ആർടിഒയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പ്രധാനമായും പരിശോധിച്ചത്.
യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. അവധിദിവസങ്ങളിലും തിരക്കേറിയ സമയങ്ങളിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നതായി യാത്രക്കാർ പരാതിപ്പെട്ടിരുന്നു. പരിശോധനയ്ക്കിടെ ചില ബസുകളിൽ അമിതനിരക്ക് ഈടാക്കിയതായി കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ബസുകളുടെ പെർമിറ്റ്, നികുതി അടച്ച രേഖകൾ, മറ്റ് നിർബന്ധിത രേഖകൾ എന്നിവയും ഉദ്യോഗസ്ഥർ പരിശോധിച്ചു. നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് വിവിധ ബസുകൾക്ക് പിഴ ചുമത്തിയത്.
ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരായ പരിശോധന തുടർന്നും ശക്തമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് അവധിക്കാലത്ത് യാത്രക്കാരിൽനിന്ന് അനധികൃതമായി ഉയർന്ന നിരക്ക് ഈടാക്കുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം ഗുരുതരമാണെങ്കിൽ ബസ് പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.