ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘർഷം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ യുഎസിന് യാതൊരു പങ്കുമില്ലെന്നും ഇതിന്റെ പേരിൽ യുഎസിനെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ ജന്മദിനത്തിൽ എഴുതിയ കുറിപ്പിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.
ഇറാൻ ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും നിങ്ങൾക്ക് കാണേണ്ടിവരുമെന്നും ട്രംപ് കുറിച്ചു. ഇസ്രയേലും ഇറാനും തമ്മിലുള്ള നിലവിലെ സംഘർഷം പശ്ചിമേഷ്യയിൽ പൂർണതോതിലുള്ള യുദ്ധമായി മാറാൻ സാധ്യതയുള്ളതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ സാമാധാനക്കരാറിലെത്തുവാൻ മധ്യവർത്തിയായി പ്രവർത്തിക്കാമെന്നും തനിക്ക് എളുപ്പത്തിൽ ഒരു കരാർ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.