യുക്രെയിൻ-പോളണ്ട് അതിർത്തിക്ക് സമീപം നയതന്ത്ര സംഘവും പ്രമുഖ ലോകനേതാക്കളും സഞ്ചരിച്ചിരുന്ന യുക്രെയിനിയൻ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. യാഹോഡിൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
കീവിൽ നടന്ന സുരക്ഷാ യോഗത്തിന് ശേഷം പോളണ്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഘത്തിൻ്റെ ട്രെയിൻ ആക്രമണ ഭീഷണി നേരിട്ടത്. സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ബോറിസ് ജോൺസണും മറ്റ് അന്താരാഷ്ട്ര പ്രതിനിധികളും സഞ്ചരിച്ചിരുന്ന ട്രെയിൻ അടിയന്തരമായി ഒഴിപ്പിച്ചു.
സ്വീഡൻ മുൻ പ്രധാനമന്ത്രി കാർൽ ബിൽഡ്റ്റ്, മുൻ സി.ഐ.എ മേധാവി ഡേവിഡ് പെട്രേയസ്, ജർമൻ ചാൻസലറുടെ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരടക്കം നിരവധി പ്രമുഖരും യൂറോപ്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു.
സംഘം സഞ്ചരിച്ചിരുന്ന റൂട്ടിൽ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് യാത്രാ ക്രമത്തിൽ മാറ്റം വരുത്തി സംഘം നേരത്തേ യാത്ര തിരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ റഷ്യ ഈ റെയിൽ പാതയിലെ ഒരു പാസഞ്ചർ ട്രെയിനും എഞ്ചിനും നേരെയും ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിനും ആക്രമണ ഭീഷണി നേരിട്ടത്.
നാറ്റോ അതിർത്തിക്ക് സമീപമാണ് ആക്രമണമുണ്ടായ പ്രദേശം. സാധാരണക്കാരും റെയിൽവേ ജീവനക്കാരും ഇത്തരം ആക്രമണങ്ങളുടെ ഭീഷണി ദിവസേന നേരിടുകയാണെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു. യുക്രെയിന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകാൻ വിവിധ രാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് യുക്രെയിൻ-പോളണ്ട് അതിർത്തിയിലെ റെയിൽ ഗതാഗതവും സുരക്ഷാ സംവിധാനങ്ങളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.