നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെയും ഫുട്പാത്തുകളുടെയും പരിസരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ നീക്കം ചെയ്യാൻ ബെംഗളൂരു പൊലീസ് നടപടി തുടങ്ങി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 11,000ത്തോളം വാഹനങ്ങൾ നഗരത്തിന് പുറത്തുള്ള പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.
വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥലം അപര്യാപ്തമാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. ചില വാഹനങ്ങൾ 15 വർഷത്തിലേറെയായി പൊലീസ് സ്റ്റേഷനുകളിൽ കിടക്കുന്നതായാണ് റിപ്പോർട്ട്.
കേസുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായ വാഹനങ്ങൾ നിയമാനുസൃതമായി കൈകാര്യം ചെയ്യുന്നതിനും ശേഷിക്കുന്ന വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള നടപടികളും ഇതിൻ്റെ ഭാഗമായി സ്വീകരിക്കും. വാഹനങ്ങൾ നഗരത്തിന് പുറത്തേക്ക് മാറ്റുന്നതോടെ പൊലീസ് സ്റ്റേഷൻ പരിസരങ്ങളിലെ സ്ഥലപരിമിതി കുറയ്ക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.