നഗരത്തിലെ പൊതുഗതാഗത യാത്ര കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കാൻ ബി.എം.ടി.സി. പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ബി.എം.ടി.സി. ബസുകൾക്കും മെട്രോ ട്രെയിനുകൾക്കും ഒരൊറ്റ ആപ്പിലൂടെ ടിക്കറ്റ് എടുക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിൻ്റെ പ്രധാന സവിശേഷത.
വിധാൻ സൗധ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആപ്പ് ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, ഗതാഗത മന്ത്രി ബി.എസ്. സുരേഷ് ബൈരതി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മൊബൈൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് യാത്രക്കാർക്ക് സേവനം ഉപയോഗിക്കാം.
ബസ് യാത്രയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. യാത്രക്കാർക്ക് ബസിൻ്റെ തത്സമയ ലൊക്കേഷൻ, പ്രതീക്ഷിക്കുന്ന എത്തിച്ചേരൽ സമയം, റൂട്ട്, ഓരോ സ്റ്റോപ്പിലെയും വിവരങ്ങൾ എന്നിവ പരിശോധിക്കാനാകും. തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പുകൾ കണ്ടെത്താനുള്ള സൗകര്യവും ആപ്പിലുണ്ട്.
ഡിജിറ്റൽ ടിക്കറ്റുകൾ ആപ്പ് വഴി തന്നെ വാങ്ങി യാത്രയ്ക്കായി ഉപയോഗിക്കാം. ബി.എം.ടി.സി. ബസുകൾക്കൊപ്പം മെട്രോ ട്രെയിനിലേക്കുള്ള ടിക്കറ്റും ഇതേ ആപ്പിലൂടെ എടുക്കാനാകും. വിവിധ തരത്തിലുള്ള ബി.എം.ടി.സി. ബസ് പാസുകൾ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് ബസ് സർവീസുകൾ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താനും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാനും പുതിയ സംവിധാനം സഹായിക്കും. നിലവിൽ കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പിലെ സേവനങ്ങൾ ലഭ്യമാകുന്നത്. ബെംഗളൂരുവിലെ ബസ്-മെട്രോ യാത്രകൾക്ക് കൂടുതൽ ഏകീകരിച്ച ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.