കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 18ന് ഇടുക്കിയിലും, 19ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. സെപ്റ്റംബർ 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ അറബിക്കടലിനും മുകളിലുള്ള ന്യൂനമർദം തുടരുകയാണ്. ഇതിനുപുറമെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. വടക്കൻ തായ്‌ലൻഡിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി സെപ്റ്റംബർ 18 വൈകിട്ടോടെ വടക്കൻ ആൻഡമാൻ കടലിൽ എത്താനും 19ന് ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
തുടർന്ന് ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തെക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ റായലസീമയ്ക്കും മുകളിലും ചക്രവാതച്ചുഴി തുടരുന്നുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡിഷ–പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്ക് മുകളിലും മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.
തെക്കൻ കർണാടകയിൽ നിന്ന് തമിഴ്നാടിന് മുകളിലൂടെ മാന്നാർ കടലിടുക്കിലേക്ക് നീളുന്ന ന്യൂനമർദപാത്തിയും നിലനിൽക്കുന്നതിനാൽ സെപ്റ്റംബർ 16 മുതൽ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.