ബെംഗളൂരു: യാത്രക്കാർക്ക് ഇനി ഓല, യൂബർ ഉൾപ്പെടെയുള്ള റൈഡ്-ഹെയിലിംഗ് ആപ്പുകളിലൂടെ ബി എം ടി സി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും ബസുകളുടെ തത്സമയ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സൗകര്യമൊരുങ്ങുന്നു. സെപ്റ്റംബർ അവസാനത്തോടെ ഈ സംവിധാനം ലഭ്യമാക്കുമെന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി എം ടി സി ) മാനേജിങ് ഡയറക്ടർ രഘുനന്ദൻ മൂർത്തി അറിയിച്ചു.

അതേസമയം, Namma BMTC Mobile App 2.0 അടുത്ത ആഴ്ച അവസാനത്തോടെ പുറത്തിറക്കും. നിലവിലെ ആപ്പിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം പുതിയ സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തും.

റൈഡ്-ഹെയിലിംഗ് കമ്പനികളുമായി ബി എം ടി സി ചർച്ചകൾ നടത്തിവരികയാണ്. നിശ്ചയിക്കുന്ന പൊതുവായ വ്യവസ്ഥകൾ അംഗീകരിക്കുന്ന കമ്പനികൾക്ക് ബി എം ടി സിയുടെ ഡാറ്റ ഉപയോഗിക്കാൻ അനുമതി നൽകും. യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിലായിരിക്കും പുതിയ സംവിധാനം നടപ്പാക്കുകയെന്ന് മൂർത്തി വ്യക്തമാക്കി.

ലൈവ് ബസ് ട്രാക്കിംഗുമായി ബന്ധപ്പെട്ട് യാത്രക്കാരിൽനിന്ന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു. നവീകരിച്ച ആപ്പിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ബി എം ടി സി അധികൃതർ അറിയിച്ചു.

Related Posts