സ്ത്രീകൾക്ക് രാത്രിയിലും പൊതുസ്ഥലങ്ങളിൽ ഭയമില്ലാതെ സഞ്ചരിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ടൗൺ ഹാളിൽ നടന്ന പ്രതിഷേധം പൊലീസിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് ശ്രദ്ധേയമായി. ശനിയാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തിൽ സ്ത്രീകളും ക്വിയർ വിഭാഗത്തിൽപ്പെട്ടവരും മനുഷ്യാവകാശ പ്രവർത്തകരും വിവിധ സിവിൽ സമൂഹ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. സ്ത്രീകളുടെ സുരക്ഷയുടെ പേരിൽ അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ്റെ പിന്തുണയോടെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പുരുഷാധിപത്യത്തെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെയും മനുസ്മൃതിയെയും വിമർശിച്ചു. ‘സ്ത്രീ വിമോചനം നീണാൾ വാഴട്ടെ’, ‘ലാൽ സലാം’, ‘ജയ് ഭീം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു. ട്രാൻസ് വിഭാഗത്തിൻ്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട ബില്ലിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പൊലീസ് പകർത്തുകയും അനുമതിയില്ലെന്ന കാരണത്താൽ സ്ഥലത്തുനിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി പങ്കെടുത്തവർ ആരോപിച്ചു. പിരിഞ്ഞുപോകാൻ വിസമ്മതിച്ചാൽ കേസെടുക്കുമെന്നും വനിതാ പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയതായും അവർ പറഞ്ഞു.
സുരക്ഷയുടെ പേരിൽ സ്ത്രീകളോട് വീട്ടിൽ പോകാൻ പറയുന്നതിൻ്റെ യുക്തിയെ ചോദ്യം ചെയ്ത സാമൂഹിക പ്രവർത്തക സാക്ഷി, പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി നിലകൊള്ളാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി. വൈകിട്ട് ആറുമണിക്കുശേഷം പുറത്തിറങ്ങരുതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചതായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റ് റഹത്ത് ആരോപിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമയപരിധിയില്ലാതെ പൊലീസിൻ്റെ ഉത്തരവാദിത്വമാണെന്നും അവർ പ്രതികരിച്ചു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അവരെ വീടുകളിൽ ഒതുക്കുന്നതിനു പകരം പൊതുസ്ഥലങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചതായും പൊലീസ് നടപടികൾ ഭാവിയിൽ കൂടുതൽ പേർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങൾ, ലിംഗവിവേചനം, പൊതുസ്ഥലങ്ങളിലെ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് സംഭവം വീണ്ടും പ്രാധാന്യം നൽകിയിരിക്കുകയാണ്.