പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വിമാനത്തിലെ ലഗേജ് കമ്പാർട്ട്മെന്റിൽ തീപിടിത്തം. ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനമാണ് അടിയന്തര സാഹചര്യത്തെത്തുടർന്ന് ഹൈദരാബാദിൽ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തിൻ്റെ ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തുടർന്ന് കാബിൻ ക്രൂ അംഗങ്ങൾ ഫയർ എക്സ്റ്റിങ്വിഷറുകൾ ഉപയോഗിച്ച് തീ പൂർണമായും അണച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനം വഴിതിരിച്ചുവിട്ട് ഹൈദരാബാദിൽ ഇറക്കിയത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related Posts