ഉത്തർപ്രദേശിൽ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ്, ഭാര്യയെ തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. നിക്കി ഭാട്ടി (28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിപിൻ ഭാട്ടിയയെ പൊലീസ് അറസ്റ്റ് ചെയ്തു. 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു കൊലപാതകം. വിപിൻ ഭാട്ടിയും നിക്കിയും 2016ലാണ് വിവാഹം കഴിക്കുന്നത്. നിക്കിയെ വിവാഹം കഴിഞ്ഞതിന് പിന്നാലെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹോദരി കാഞ്ചൻ പറയുന്നു.

വിപിൻ്റെ സഹോദരനെയാണ് കാഞ്ചൻ വിവാഹം ചെയ്തത്. നിക്കിയെ ഉപദ്രവിക്കുന്ന വീഡിയോ കാഞ്ചൻ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് കേസിൽ നിർണായകമായി. നിക്കിയെ ക്രൂരമായി മർദ്ദിക്കുന്നതും ശരീരത്തിൽ തീ പടർന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പൊള്ളലേറ്റ നിക്കിയെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിക്കി മരിച്ചത്. മുത്തശ്ശിയും തൻ്റെ പിതാവും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് നിക്കിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. പൊലീസ് വിപിൻ ഭാട്ടിയെ എൻകൗണ്ടർ ചെയ്യണമെന്ന് നിക്കിയുടെ പിതാവ് ആവശ്യപ്പെട്ടു.

Related Posts