നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും നടത്തിപ്പിലെ വീഴ്ചകളും സംബന്ധിച്ച് കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. പരീക്ഷാ സംവിധാനത്തിലെ പിഴവുകൾ അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നതെന്നും ഇനി ഇത്തരം വീഴ്ചകൾ ഒരിക്കലും ആവർത്തിക്കരുതെന്നും കേന്ദ്രത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന വിവാദങ്ങൾക്കും ക്രമക്കേടുകൾക്കും എത്രയും വേഗം അറുതി വരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
പരീക്ഷാ സംവിധാനത്തിലെ പിഴവുകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും, അതിനാൽ പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പിൽ ഇനി ഒരു വീഴ്ച പോലും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഭാവിയിൽ പരീക്ഷകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയാണെങ്കിൽ, വിദ്യാർഥികളുടെ വിവരങ്ങളും പരീക്ഷാ ഡാറ്റയും എങ്ങനെ സുരക്ഷിതമാക്കുമെന്ന് വിശദീകരിക്കാനും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ വിവിധ പരിഷ്കാര നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ കേന്ദ്രത്തിന്റെ വിശദമായ മറുപടി ലഭിച്ചശേഷം ഈ മാസം 27-ന് വീണ്ടും വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.