സി.പി.എം നേതാവ് പി.കെ.ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്തകളിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. വിഷയം ഗൗരവമായി പരിഗണിച്ച മുഖ്യമന്ത്രി പരാതിയിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകി. തുടർനടപടികൾക്കായി പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയതായും അറിയിച്ചു.

വ്യാജവാർത്തകളും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തിയവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പി.കെ.ശ്രീമതി പ്രതികരിച്ചു. വ്യാജപ്രചാരണം നടത്തിയവരിൽ പലരും പിന്നീട് ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞതായി അവർ പറഞ്ഞു. രാഷ്ട്രീയ ഭിന്നത മറന്ന് കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള വിവിധ പാർട്ടികളിലെ നേതാക്കൾ പിന്തുണ അറിയിച്ചതായും അവർ കൂട്ടിച്ചേർത്തു.

മുമ്പ് തനിക്കെതിരെ ഉയർന്ന ചില വ്യാജ ആരോപണങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം നിയമനടപടി സ്വീകരിച്ചിരുന്നില്ലെന്നും, എന്നാൽ ഇത്തരം സൈബർ ആക്രമണങ്ങൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളും അസഭ്യ ഭാഷാപ്രയോഗങ്ങളും അവസാനിപ്പിക്കേണ്ട സമയമായെന്നും അവർ പറഞ്ഞു.

പി.കെ. ശശിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് താൻ പ്രചരിപ്പിക്കപ്പെട്ട ചില പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും, മുൻ എം.എൽ.എയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിലുള്ള പ്രചാരണം അപമാനിക്കാനുള്ള ശ്രമമാണെന്നും ശ്രീമതി ആരോപിച്ചു. വർഷങ്ങളായി തുടരുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

Related Posts