കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ഡാൻസാഫ് സംഘവും അങ്കമാലി പൊലീസും ചേർന്ന് പിടികൂടി. ആലപ്പുഴ പറവൂർ സ്വദേശികളായ പ്രവീൺ ദാസ്, ചാൾസ് ഡെന്നിസ് എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അങ്കമാലി അങ്ങാടിക്കടവ് സിഗ്നൽ ജങ്ഷന് സമീപം ഇവർ സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

കറുകുറ്റി വരെ മറ്റൊരു വാഹനത്തിൽ എത്തിച്ച കഞ്ചാവ് അവിടെനിന്ന് കാറിലേക്ക് മാറ്റിയ ശേഷമാണ് ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കഞ്ചാവ് എത്തിച്ചുനൽകിയവരെയും ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാനുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Posts