അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. മിൽപിറ്റാസിൽ ശനിയാഴ്ച നടന്ന സംഭവത്തിൽ, കൊല്ലപ്പെട്ടവരുടെ സുഹൃത്തായ മലയാളി യുവതി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്–സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് മരിച്ചത്. അഞ്ജനയുടെ ഭർത്താവ് വിലങ്ങന്നൂർ സ്വദേശി വിജീഷാണ്. ഇവർക്ക് വാമിക എന്ന മകളുണ്ട്.
ഫ്ലാറ്റിന് താഴേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ ശേഷം അനില കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് ശേഷം നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്.
തുടർന്ന് വിജീഷ് പൊതുസുഹൃത്തായ ആനിൻ്റെ ഭർത്താവ് ജേക്കബിനെ വിവരം അറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ ആനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് അഞ്ജനയുടെ കുടുംബം പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ എട്ട് വർഷമായി അഞ്ജനയും ഭർത്താവ് വിജീഷും കാലിഫോർണിയയിൽ ജോലി ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.