ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. സംഭവത്തിൽ വിശദീകരണം തേടുകയും രാജ്യത്തിൻ്റെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്യുന്നതിനായി ദില്ലിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
അമേരിക്ക ടെഹ്‌റാനെ ലക്ഷ്യമിട്ട് നടത്തിയ പുതിയ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിൽ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമായത്. ഒമാൻ്റെ സമുദ്രാതിർത്തിക്ക് സമീപമുള്ള ഹോർമുസ് കടലിടുക്കിൻ്റെ തെക്കൻ കപ്പൽപ്പാതയിലൂടെ സഞ്ചരിച്ചിരുന്ന യുഎഇയുടെ ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിലാണ് ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത്.
അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മേഖലയിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ നാവികരുടെയും മറ്റ് വാണിജ്യ കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.