നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അപ്പീലിൽ അന്തിമവിധി വരുന്നതുവരെ വിചാരണ കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയാണ് കോടതി നിരസിച്ചത്. ഇരയുടെ അന്തസ്സും കുറ്റകൃത്യത്തിൻ്റെ ഗൗരവവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ശിക്ഷ മരവിപ്പിക്കണമെന്ന പ്രത്യേക ഹർജി സമർപ്പിച്ചത്. എന്നാൽ, കേസിലെ സാഹചര്യങ്ങൾ വിലയിരുത്തിയ കോടതി ഹർജി തള്ളുകയായിരുന്നു.
നടന്നത് അത്യന്തം ഹീനമായ കുറ്റകൃത്യമാണെന്നും വിചാരണ കോടതി ഒന്നാം പ്രതിയായ പൾസർ സുനിയെ കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ടെന്നും ഇര കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിൻ്റെ ഗൗരവം കുറച്ചുകാണിക്കുന്ന സന്ദേശമാകും സമൂഹത്തിന് ലഭിക്കുകയെന്നും ഇര വാദിച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു. പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്നും, തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകിയതിനും കോടതി പിഴ ചുമത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങി ഒരു മാസം തികയും മുമ്പ് മറ്റൊരു കേസിലും പ്രതിയായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇരു ഭാഗങ്ങളുടെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി തള്ളിയത്. അതേസമയം, പൾസർ സുനിയുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീലും ശിക്ഷ വർധിപ്പിക്കണമെന്ന പ്രോസിക്യൂഷൻ്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.