പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപിടിത്തം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിതമാണെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. മരിച്ച യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ത്രീ പെട്രോളുമായി നടന്ന് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇത് ആരാണെന്ന് കണ്ടെത്താനുള ശ്രമത്തിലാണ് പൊലീസ്. അപകടത്തിൽ മരിച്ച സോനയുടെ പങ്കും പൊലീസ് പരിശോധിക്കുകയാണ്. അപകടദിവസം ഒരു ബന്ധുവിനൊപ്പം ഇവർ പുറത്തുപോയിരുന്നു.

അന്ന് വൈകിട്ട് ഏഴരയോടെയാണ് ഭർത്താവെത്തി സോനയെ ബന്ധുവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയത്. യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്. എട്ടുമാസം ഗർഭിണിയായ പേരാമ്പ്ര പാലേരി കല്ലിക്കണ്ടിവീട്ടിൽ സോന കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് രജിൻ ലാൽ (30) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സോനയുടെ പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവ ലഭിച്ചയുടൻ പരാതി നൽകാനാണ് തീരുമാനമെന്ന് കുടുംബം പറഞ്ഞു.

Related Posts