കുട്ടികളുടെ നീന്തൽ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്പോർട്സ് കോംപ്ലക്സിൽ നടന്ന പരിപാടിയിലാണ് സംഭവം. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ ഉൾപ്പെടുന്ന ട്രയാത്ത്ലോൺ മത്സരത്തിൽ പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ സ്പോർട്സ് കോംപ്ലക്സിലെത്തിയത്. ഇതിനിടെ സംഘാടകരുടെ ആവശ്യപ്രകാരം മത്സരവിജയികളായ കുട്ടികൾക്ക് സമ്മാനം നൽകാൻ എത്തിയപ്പോഴാണ് ഒരു രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചത്.
തൻ്റെ മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ എതിർത്തുകൊണ്ടാണ് രക്ഷിതാവ് പ്രതിഷേധം അറിയിച്ചത്. ഇതോടെ ചടങ്ങിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തുടർന്ന് അസിസ്റ്റന്റ് കളക്ടർ സ്ഥലത്തെത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.