നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 44 അംഗ വിനോദസഞ്ചാര സംഘം സുരക്ഷിതമായി ഇന്ത്യയിലെത്തി. നേപ്പാളിലെ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് തിരിച്ചുവരവ് പ്രതിസന്ധിയിലായിരുന്ന സംഘമാണ് ഇന്ത്യയിലെത്തിയത്.
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തെ നോർക്ക ഡവലപ്മെന്റ് ഓഫീസർ ജയപ്രകാശ് സ്വീകരിച്ചു. തുടർന്ന് സംഘം ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. ബെംഗളൂരുവിൽ നിന്ന് റോഡ് മാർഗം കോഴിക്കോട് എത്തുന്ന സംഘം ഓഗസ്റ്റ് 31 രാവിലെ കോഴിക്കോട്ടെത്തും.
കോഴിക്കോട്, വയനാട് സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് നേപ്പാളിലേക്ക് വിനോദയാത്ര പോയത്. പ്രളയത്തെ തുടർന്ന് നേപ്പാളിലെ യാത്രാ നിയന്ത്രണങ്ങളിൽ കുടുങ്ങിയെങ്കിലും സംഘം സുരക്ഷിതമായിരുന്നു. നേരത്തെ സംഘം പൊഖ്രയിൽ സുരക്ഷിതമായി കഴിയുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.