മലപ്പുറം കൊണ്ടോട്ടിയിലെ നീറാട് തോട്ടിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശികളായ ഹമീദ്–നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്.
കുട്ടികളെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് ആദം അയ്മനെ തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് മറ്റൊരു കുട്ടിയും ആദത്തിനൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. പിന്നീട് നടത്തിയ തിരച്ചിലിൽ ആ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ ജലാശയങ്ങൾക്കും തോടുകൾക്കും സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.