സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ആലപ്പുഴ ജില്ലയിലടക്കം വിവിധ തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരപ്രദേശങ്ങളിൽ 27ന് രാവിലെ 5.30 മുതൽ 28ന് രാത്രി 11.30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. ഇതിനെ തുടർന്ന് കടലാക്രമണ ഭീഷണി ഉയർന്നിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ, ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം മോശം കാലാവസ്ഥയും ശക്തമായ മഴയും തുടരാനാണ് സാധ്യത. ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിലും മാഹിയിലും 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും തുടരാം.