ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് അധികൃതർ അറിയിച്ചത്.

ഒഡീഷയിലും മഴക്കെടുതി രൂക്ഷമാണ്. സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ ശക്തമായ മഴയെ തുടർന്ന് വിവിധ മലനിരകളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 12 പേർ മഴക്കെടുതിയിൽ മരിച്ചു. പൂനെ, സത്താര ജില്ലകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗുജറാത്തിലും കനത്ത മഴ തുടരുകയാണ്. ഡാങ്, നർമ്മദ, പൂർണ നദികൾ കരകവിഞ്ഞൊഴുകിയതോടെ നവ്സാരി, ഭറൂച്ച്, സൂറത്ത് എന്നിവിടങ്ങളിലെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുരന്തസാധ്യത നിലനിൽക്കുന്നതിനാൽ മഴ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Related Posts