സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതിയും രൂക്ഷമായ സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരാകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് മുഴുവൻ സജ്ജീകരണങ്ങളോടെയും പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം നടത്തിയ അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. മഴക്കെടുതി നേരിടുന്ന ജില്ലകളിൽ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ട് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനതല ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ എം.എൽ.എമാരുമായും മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കും ദുരിതബാധിതർക്കും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ട് പേരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമായി തുടരുകയാണ്. കോസ്റ്റ് ഗാർഡിൻ്റെ വെസലും മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘവും ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.

Related Posts