ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതിനാലാണ് വിലക്കെന്നും വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതി പ്രവേശന വിലക്ക് ഏകപക്ഷീയമല്ല. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത സംഘടനയാണ് ശബരിമലയിൽ യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ചതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ശബരിമലയെക്കുറിച്ച് ഈ സംഘടനയ്ക്ക് അറിയില്ലെന്നും കേന്ദ്ര സർക്കാർ എഴുതി നൽകിയ വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒമ്പതംഗ ഭരണഘടന ബെഞ്ച് ഇന്നു മുതൽ കേസിൽ വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് കോടതിയിൽ എഴുതിനൽകിയത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം 14,15,16 തീയതികളിലും നടത്തും. സംസ്ഥാനസർക്കാർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണോ എന്നതിൽ കൃതൃമായ നിലപാട് പറയാതെയാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. സാമൂഹികനേതാക്കളുടെയും മതപണ്ഡിതരുടെയും സമിതി രൂപീകരിച്ച് യുവതിപ്രവേശനത്തിൽ അഭിപ്രായം തേടണമെന്നാണ് സർക്കാർ നിർദേശം.