നഗരവികസനത്തിന് വേഗം കൂട്ടാൻ കർണാടക സർക്കാർ പ്രഖ്യാപിച്ച ₹1.5 ലക്ഷം കോടി രൂപയുടെ മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായി ബെംഗളൂരു മെട്രോ ശൃംഖല 500 കിലോമീറ്ററിലേക്ക് വിപുലീകരിക്കും. നഗര ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ഐടി, ബിസിനസ് മേഖലകളിലെ വൻ നിക്ഷേപങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഈ പദ്ധതിയിലൂടെ ഒരുക്കും.

നിലവിൽ 96 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മ മെട്രോ ശൃംഖല അടുത്ത വർഷം ഡിസംബറോടെ 175 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. തുടർന്ന് പുതിയ എലിവേറ്റഡ് റൂട്ടുകളും ഭൂഗർഭ തുരങ്ക ഇടനാഴികളും ഉൾപ്പെടുത്തി 500 കിലോമീറ്റർ ദൈർഘ്യമുള്ള സമഗ്ര മെട്രോ ശൃംഖലയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

‘ബിയോണ്ട് ബെംഗളൂരു’ പദ്ധതിയുടെ ഭാഗമായ ഈ വികസനത്തിലൂടെ 2029-ഓടെ 3.5 ലക്ഷം ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങളും 500 പുതിയ ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളും സൃഷ്ടിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം.

അതേസമയം, രണ്ടാംഘട്ട മെട്രോ ഇടനാഴികളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിങ്ക് ലൈൻ (കലേന അഗ്രഹാര–നാഗവാര) റൂട്ടിൻ്റെ എലിവേറ്റഡ് ഭാഗം ഈ വർഷം ഓഗസ്റ്റിൽ തുറക്കുമെന്നും, ഭൂഗർഭ ഭാഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ഇടനാഴിയും അടുത്ത വർഷം മാർച്ചോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് പദ്ധതി.

Related Posts