ബെംഗളൂരുവിൽ നിന്ന് കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പുരിൽ കണ്ടെത്തി. നാഗ്പുരിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.
താനൂർ പൊലീസ് സംഘം നാഗ്പുരിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 11 മണിയോടെയുള്ള വിമാനത്തിൽ പൊലീസ് സംഘം യുവാവിനൊപ്പം കേരളത്തിലേക്ക് മടങ്ങും.
ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് ഇംതിയാസിനെ കാണാതായത്. നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് യുവാവ് ബെംഗളൂരുവിലെത്തിയത്. നഗരത്തിലെത്തിയ ഉടൻ വീട്ടുകാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യാതൊരു വിവരവും ലഭിക്കാതായതോടെ കുടുംബം താനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്നാണ് ഇംതിയാസ് നാഗ്പുരിലുണ്ടെന്ന് കണ്ടെത്തിയത്. യുവാവിനെ കണ്ടെത്തിയതോടെ കുടുംബത്തിൻ്റെ ആശങ്കയ്ക്ക് വിരാമമായി.