കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെച്ചൊല്ലിയ തർക്കത്തിന് പിന്നാലെ മുതിർന്ന നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡിക്ക് പുതിയ വകുപ്പ് നൽകി. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന് ഇനി വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

ചെലുവരായ സ്വാമിക്ക് ജലവിഭവ വകുപ്പും സമീർ അഹമ്മദിന് ഭവന നിർമാണ വകുപ്പും നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെയാണ് പുതിയ വകുപ്പ് വിഭജനം.

ജലവിഭവ വകുപ്പ് ലഭിച്ചതിൽ രാമലിംഗ റെഡ്ഡി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബെംഗളൂരു നഗരവികസന വകുപ്പ് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ഇഷ്ടപ്പെട്ട വകുപ്പ് ലഭിക്കാത്തതിനെ തുടർന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തുടർന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിൽ രാജി പിൻവലിക്കാൻ രാമലിംഗ റെഡ്ഡി തയ്യാറായി. അതിന് പിന്നാലെയാണ് വകുപ്പിൽ മാറ്റം വരുത്തിയത്.

Related Posts