കർണാടക വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (വിഎഒ) നിയമന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഹാവേരി ജില്ലയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥി മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതായി പൊലീസ് കണ്ടെത്തി. ഹാനഗൽ സ്വദേശിയായ 31-കാരൻ ശങ്കർ ബന്നൂരിനെയാണ് ശിവഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ നാലിന് ശിവഗാവിലെ പരീക്ഷാകേന്ദ്രത്തിൽ നടന്ന പരീക്ഷയിൽ 200ൽ 151.25 മാർക്കാണ് ഇയാൾ നേടിയത്.

വിഎഒ പരീക്ഷയ്ക്ക് ഏകദേശം 20 ദിവസം മുമ്പ് നടന്ന കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ് (കെഎസ്ആർപി) കോൺസ്റ്റബിൾ പരീക്ഷയിൽ ശങ്കർ നേടിയത് വെറും 25 മാർക്ക് മാത്രമായിരുന്നു. എന്നാൽ തുടർന്നുനടന്ന വിഎഒ പരീക്ഷയിൽ 151.25 മാർക്ക് നേടി ജില്ലയിൽ ഒന്നാമതെത്തിയത് സംശയങ്ങൾക്ക് ഇടയാക്കി. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഇയാളുടെ പരീക്ഷാഫലത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നു. തുടർന്ന് കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

കെഇഎയുടെ നിർദേശപ്രകാരം ഹാവേരി ജില്ലാ ഭരണകൂടം ശിവഗാവിലെ പരീക്ഷാകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പരീക്ഷയ്ക്കിടെ ശങ്കർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അവസാന നിരയിലെ സീറ്റിലിരുന്ന ഇയാൾ രഹസ്യമായി ചോദ്യപേപ്പർ മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഗൂഗിൾ ലെൻസ് വഴി ഉത്തരങ്ങൾ കണ്ടെത്തുകയും ഒഎംആർ ഉത്തരക്കടലാസിൽ രേഖപ്പെടുത്തുകയും ചെയ്തതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കുമ്പോൾ ഹാൾടിക്കറ്റും ആധാർ കാർഡും മാത്രമാണ് പരിശോധിച്ചതെന്നും മൊബൈൽ ഫോൺ അകത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞെന്നും ചോദ്യം ചെയ്യലിൽ ശങ്കർ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാളെ അവസാന ബെഞ്ചിലിരുത്തിയതിനാൽ മൊബൈൽ ഉപയോഗിക്കുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

പരീക്ഷാകേന്ദ്രത്തിലെ പരിശോധനാ സംവിധാനത്തിലും ഇൻവിജിലേറ്റർമാരുടെ പ്രവർത്തനത്തിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തരങ്ങൾ കണ്ടെത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. ക്രിമിനൽ വിശ്വാസവഞ്ചന, വഞ്ചന, നിയമന പരീക്ഷകളിലെ ക്രമക്കേട് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ശങ്കർ, കഠിനാധ്വാനം കൊണ്ടാണ് ഉയർന്ന മാർക്ക് നേടിയതെന്നും ദരിദ്രകുടുംബത്തിൽനിന്നുള്ള താൻ പഠനത്തിനായി ഹോട്ടലുകളിലും സിനിമാ തിയേറ്ററുകളിലും ജോലി ചെയ്തിട്ടുണ്ടെന്നും അവകാശപ്പെട്ടിരുന്നു. 45-ലധികം മത്സരപ്പരീക്ഷകൾ എഴുതിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു.

Related Posts