സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.ദിവ്യക്കെതിരായ അന്വേഷണത്തിൽ നിർണായക നടപടിയുമായി വിജിലൻസ്. ദിവ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ വിവിധ പദ്ധതികളുടെ കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയ സംഘം 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകൾ കസ്റ്റഡിയിലെടുത്തു. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാലയളവിൽ കമ്പനിക്ക് ഇത്രയും വലിയ തുകയുടെ കരാറുകൾ ലഭിച്ചതിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് നടപടി.
മോഡുലാർ ടോയ്ലറ്റ് നിർമാണം, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട എബിസി കേന്ദ്രത്തിൻ്റെ നിർമാണം തുടങ്ങിയ പദ്ധതികളുടെ രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ ലഭിച്ചതെന്നാണ് സൂചന. അതിനാൽ അന്വേഷണം സിൽക്കിലേക്കും വ്യാപിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
വിജിലൻസ് ഉത്തരമേഖലാ എസ്പിക്കാണ് അന്വേഷണത്തിൻ്റെ ചുമതല. പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.കാർട്ടൺ ഇന്ത്യ പി.പി. ദിവ്യയുടെ ബിനാമി കമ്പനിയാണെന്നും കമ്പനിക്ക് വഴിവിട്ട് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്നുമാണ് പരാതി.