വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും, എസ്എൻഡിപിയെയും സമുദായത്തെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കെതിരെ മൗനം പാലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതിൻ്റെ പേരിലാണ് താൻ വിമർശനങ്ങൾ നേരിടുന്നതെന്നും, ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നണികൾ മുസ്ലിം ലീഗിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും, ലീഗിൻ്റെ രാഷ്ട്രീയ നിലപാടുകൾ വർഗീയത നിറഞ്ഞതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സർക്കാർ വകുപ്പുകളിലെയും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിലെയും നിയമനങ്ങൾ പരിശോധിച്ചാൽ അതിൻ്റെ തെളിവുകൾ കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്കെതിരെ വർഷങ്ങളായി നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കേസിലും പ്രതികൂല വിധി വന്നിട്ടില്ലെന്ന് അവകാശപ്പെട്ട വെള്ളാപ്പള്ളി, എസ്എൻഡിപി യോഗം കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിയമപോരാട്ടങ്ങൾ നടത്തിയതായും വ്യക്തമാക്കി.

ചില മാധ്യമങ്ങൾ വ്യക്തിപരമായി തന്നെ ലക്ഷ്യമിട്ട് വേട്ടയാടുകയാണെന്നും, ചാനൽ ചർച്ചകൾ പലപ്പോഴും മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുടെ ഭാഗമായാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമധർമ്മത്തിൻ്റെ പേരിൽ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും, ഇത്തരം ആക്രമണങ്ങൾക്ക് മുന്നിൽ ഒരിക്കലും വഴങ്ങില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related Posts