ബെംഗളൂരുവിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ ആദ്യഘട്ടം നവംബർ 13ന് ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കലേന അഗ്രഹാര–തവരേക്കെരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാതയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിനായി ബെംഗളൂരുവിലെത്തുമെന്നാണ് സൂചന. ബിജെപി എംപി തേജസ്വി സൂര്യ നവംബർ 13 എന്ന തീയതി സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. നേരത്തേ നവംബർ 15 എന്ന തീയതിയായിരുന്നു പരിഗണിച്ചിരുന്നത്.
കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജെ.പി. നഗർ നാലാം ഘട്ടം, ജയദേവ ആശുപത്രി, തവരേക്കെരെ എന്നിങ്ങനെ 7.5 കിലോമീറ്റർ പാതയിൽ ആറ് സ്റ്റേഷനുകളാണുള്ളത്. ബന്നാർഘട്ട റോഡ് മേഖലയിലെ യാത്രക്കാർക്ക് മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ പാത. ജയദേവ ആശുപത്രി സ്റ്റേഷനിൽ യെല്ലോ ലൈനുമായി ബന്ധപ്പെടാനും സാധിക്കും.
സർവീസ് ആരംഭിക്കുമ്പോൾ തിരക്കുള്ള സമയങ്ങളിൽ ആറു മിനിറ്റ് ഇടവേളയിലും തിരക്കുകുറഞ്ഞ സമയങ്ങളിൽ പത്ത് മിനിറ്റ് ഇടവേളയിലും ട്രെയിനുകൾ ഓടിക്കാനാണ് ബിഎംആർസിഎല്ലിൻ്റെ പ്രാഥമിക പദ്ധതി. ഇതോടെ ബന്നാർഘട്ട റോഡ്, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജയദേവ ആശുപത്രി തുടങ്ങിയ മേഖലകളിലെ യാത്രക്കാർക്ക് റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും.
ദക്ഷിണ ബെംഗളൂരുവിലെ കലേന അഗ്രഹാരയിൽനിന്ന് വടക്കൻ ബെംഗളൂരുവിലെ നാഗവാരയിലേക്ക് നീളുന്നതാണ് പൂർണ പിങ്ക് ലൈൻ. ആകെ 21.25 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 18 സ്റ്റേഷനുകളുണ്ടാകും. ഇതിൽ 6 എലിവേറ്റഡ് സ്റ്റേഷനുകളും 12 ഭൂഗർഭ സ്റ്റേഷനുകളുമാണ്. ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭൂഗർഭ പാതയുടെ നിർമാണവും സിഗ്നലിങ് സംവിധാനങ്ങളുടെ ജോലികളും പുരോഗമിക്കുകയാണ്. ഈ ഭാഗം 2027ൽ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കുന്നതോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം നിലവിലെ 96.1 കിലോമീറ്ററിൽനിന്ന് 103.6 കിലോമീറ്ററായി ഉയരും. 100 കിലോമീറ്റർ പിന്നിടുന്ന രാജ്യത്തെ പ്രധാന മെട്രോ ശൃംഖലകളിലൊന്നായി നമ്മ മെട്രോ മാറുകയും ചെയ്യും.