ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അമേരിക്കയിൽ ജോലിചെയ്യുന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു ആർ.ടി. നഗർ സ്വദേശിയായ അർമാൻ മുത്തഹാർ (34) ആണ് അറസ്റ്റിലായത്. ഏപ്രിൽ 28-നാണ് നഗരത്തിലെ ജയമഹൽ പാലസ് ഹോട്ടലിലെ അർമാൻ താമസിച്ചിരുന്ന മുറിയിൽ നിന്ന് 7 വെടിയുണ്ടകൾ കണ്ടെത്തിയത്.
നഗരത്തിലെ ഹോട്ടലിൽ ഏപ്രിൽ 27-നാണ് യുവാവ് മുറിയെടുത്തത്. തുടർന്ന് അടുത്ത ദിവസം മുറി ഒഴിഞ്ഞു. ജീവനക്കാർ മുറി ശുചീകരിക്കുന്നതിനിടെയാണ് അലമാരയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്.
ഹോട്ടൽ ജീവനക്കാർ മുത്തഹാരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വെടിയുണ്ടകൾ അവിടെ അബദ്ധത്തിൽ ഉപേക്ഷിച്ചതാണെന്നും ഒരു മണിക്കൂറിനുള്ളിൽ എടുത്തുകൊണ്ടുപോകാൻ വരുമെന്നും അറിയിച്ചു. എന്നാൽ തിരിച്ചെടുക്കാൻ യുവാവ് ഹോട്ടലിലെത്തിയില്ല. തുടർന്ന് സംഭവത്തിൽ സംശയം തോന്നിയ ഹോട്ടൽ മാനേജർ പ്രകാശ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു.