സംസ്ഥാനത്ത് യുവാക്കളിൽ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ. എൻജിനീയറിങ്, ഡിഗ്രി കോളജുകളിൽ വിദ്യാർഥികൾക്കായി എച്ച്ഐവി പരിശോധനയും കൗൺസലിങ് ക്യാംപുകളും ആരംഭിച്ചു. സംസ്ഥാന എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. വിശ്വേശ്വരായ സാങ്കേതിക സർവകലാശാലയും (VTU) കോളജ് വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ക്യാംപുകൾ സംഘടിപ്പിക്കുന്നത്.
വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം എച്ച്ഐവി സംബന്ധിച്ച തെറ്റിദ്ധാരണകൾ ഒഴിവാക്കാനും ബോധവത്കരണം നൽകാനുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശോധനകൾ വിദ്യാർഥികളുടെ പൂർണ സമ്മതത്തോടെയും രഹസ്യത്വം ഉറപ്പാക്കിയുമാകും നടത്തുക.
വിദ്യാർഥികൾ ഉൾപ്പെടെ യുവാക്കളിൽ എച്ച്ഐവി കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കൂടുതൽ കോളജുകളിലേക്ക് പരിശോധനയും ബോധവത്കരണ പരിപാടികളും വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം.