മൈസൂരുവിൽ സ്വാമി വിവേകാനന്ദ സാംസ്കാരിക യുവജന കേന്ദ്രം (വിവേക സ്മാരക) ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആത്മാവിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ മഹാനായ സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദനെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസവും തുല്യ അവസരങ്ങളും എല്ലാവർക്കും ലഭിക്കണമെന്ന വിവേകാനന്ദൻ്റെ സ്വപ്നം യാഥാർഥ്യമാക്കാനാണ് സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം ഉറപ്പാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിൻ്റെ പുരോഗതിക്ക് പ്രധാന കരുത്ത് യുവജനങ്ങളാണെന്നും ബഹിരാകാശം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസം, കായികം തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യൻ യുവത്വം ലോകശ്രദ്ധ നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
1892-ൽ സ്വാമി വിവേകാനന്ദൻ മൈസൂരിൽ താമസിച്ചിരുന്ന നിരഞ്ജന മഠം സ്മാരകമായി വികസിപ്പിച്ചാണ് ‘വിവേക സ്മാരകം’ ഒരുക്കിയിരിക്കുന്നത്. ശ്രീരാമകൃഷ്ണ മഠത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമായത്. വിവേകാനന്ദൻ്റെ ജീവിതവും സന്ദേശങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുക എന്നതാണ് സ്മാരകത്തിൻ്റെ ലക്ഷ്യം.
ചടങ്ങിൽ പ്രധാനമന്ത്രി സ്വാമി വിവേകാനന്ദൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സ്മാരക പരിസരത്ത് വൃക്ഷത്തൈ നട്ട ശേഷം ധ്യാനത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ശ്രീരാമകൃഷ്ണ മഠം പ്രസിഡണ്ട് സ്വാമി ഗൗതമാനന്ദജി മഹാരാജ്, മൈസൂരു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.