ദുബാരെ ആനക്യാമ്പിൽ സന്ദർശകയുടെ മരണത്തിന് കാരണമായ ആനകളിലൊന്ന് ചരിഞ്ഞു. തിങ്കളാഴ്ച ആനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ മാർത്താണ്ഡ എന്ന ആനയാണ് ചരിഞ്ഞത്. കാഞ്ചൻ എന്ന ആനയാണ് മാർത്താണ്ഡൻ ആനയെ ആക്രമിച്ചത്.
ആനകളുടെ ഏറ്റുമുട്ടലിനിടയിൽപ്പെട്ട് തമിഴ്‌നാട് സ്വദേശിനി എസ്.ജുനേഷി (33) മരിച്ചിരുന്നു. മാർത്താണ്ഡയെ കുളിപ്പിക്കുന്നതിനിടെ സന്ദർശകർ നോക്കിനിൽക്കെയാണ് കാഞ്ചൻ ആക്രമിച്ചത്. പരസ്പരം പോരടിക്കുന്നതിനിടെ നിലതെറ്റി വീണ ആനകൾക്കിടയിൽപ്പെട്ടാണ് ജുനേഷി മരിച്ചത്.
ദുബാരെ ആനക്യാമ്പിൽ ആനകളെ കുളിപ്പിക്കാനും അടുത്തുപോകാനും സന്ദർശകർക്ക് അനുമതിയുണ്ട്. ഇത്തരത്തിൽ ആനകൾ കുളിക്കുന്നത് കാണുന്നതിനിടെയാണ് ജുനേഷി അപകടത്തിൽപ്പെട്ടത്.