കർണാടകയിൽ നടക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടികൾക്കിടെ തൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജ്. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടതായി പറയുന്ന വോട്ടർമാരിൽ താനും ഉൾപ്പെടുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ആരോപിച്ചത്.
61കാരനായ പ്രകാശ് രാജ് നടപടിയെ പരിഹാസരൂപത്തിൽ വിമർശിച്ചു. “ഞാൻ ജനിച്ചതും വളർന്നതും ഈ മണ്ഡലത്തിലാണ്. എൻ്റെ സ്കൂൾ, കോളേജ് പഠനവും നാടക പ്രവർത്തനങ്ങളും ഇവിടെയായിരുന്നു. ഈ മണ്ഡലത്തിൽ നിന്ന് എം.പി. സ്ഥാനത്തേക്ക് മത്സരിച്ച വ്യക്തി കൂടിയാണ് ഞാൻ” എന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
തൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെ “നല്ല തമാശ” എന്ന് വിശേഷിപ്പിച്ച പ്രകാശ് രാജ്, “ഗെയിം ഓൺ” എന്ന പരാമർശത്തോടെയാണ് വീഡിയോ അവസാനിപ്പിച്ചത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് പ്രകാശ് രാജ് മത്സരിച്ചത്. അതുകൊണ്ടുതന്നെ തൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന അവകാശവാദം രാഷ്ട്രീയമായി ശ്രദ്ധ നേടിയിരിക്കുകയാണ്.
കർണാടകയിലെ നിലവിലെ SIR നടപടികളിൽ ഏറ്റവും കൂടുതൽ ചർച്ചയും ആശങ്കയും ഉയരുന്ന മേഖലകളിലൊന്നാണ് ബെംഗളൂരു നഗരം. വോട്ടർ പട്ടികയിലെ പേരുകൾ, വിലാസങ്ങൾ, ഇരട്ട എൻട്രികൾ തുടങ്ങിയവ പരിശോധിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
അതേസമയം, പ്രകാശ് രാജിൻ്റെ പേര് നീക്കം ചെയ്തതിൻ്റെ കൃത്യമായ കാരണം എന്താണെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് അധികൃതരുടെ വിശദീകരണം ലഭിച്ച ശേഷമേ നടപടിയുടെ യഥാർഥ കാരണം വ്യക്തമാകൂ.
അടുത്തിടെ ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലും പ്രകാശ് രാജ് നിയമനടപടി നേരിട്ടിരുന്നു. ബെംഗളൂരു കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു.