നഗരത്തിലെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. 3, 5 സ്റ്റാർ ഹോട്ടലുകളും പബ്ബുകളും ഉൾപ്പെടെ 60 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 640 കിലോ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്.
പഴകിയ മാംസം, മീൻ, ചീഞ്ഞ പച്ചക്കറികൾ എന്നിവയ്ക്കൊപ്പം 276 കിലോ പഴകിയ പച്ചക്കറികളും പൂപ്പലടിച്ച മഷ്റൂമുകളും പിടികൂടി. ചില സ്ഥാപനങ്ങളിൽ പനീർ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. പനീറിനരികിൽ ചത്ത പാറ്റകളെ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ബ്രിഗേഡ് റോഡിലെ മക്ഡൊണാൾഡ്സ് ശാഖയിലും പരിശോധന നടത്തി. പലതവണ ഉപയോഗിച്ച പാചക എണ്ണ ശുദ്ധീകരിക്കുന്നതിനായി മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി.
പരിശോധനയിൽ ഗുരുതരമായ വൃത്തിഹീനത കണ്ടെത്തിയതിനെ തുടർന്ന് ചർച്ച് സ്ട്രീറ്റിലെ സ്കൈ ഹോട്ടലും പെഗ് ആൻഡ് ബോട്ടിൽസ് പബ്ബും അടപ്പിച്ചതായാണ് വിവരം.
അതേസമയം, ലളിത് അശോക, ഷാൻഗ്രില, താജ് വിവാന്ത, റാഡിസൺ ബ്ലൂ ഉൾപ്പെടെയുള്ള പ്രമുഖ സ്റ്റാർ ഹോട്ടലുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. സ്ഥാപനങ്ങളിൽ കണ്ടെത്തിയ വീഴ്ചകളിൽ വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വിലയേറിയ ഭക്ഷണം വിളമ്പുന്ന പ്രമുഖ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചകൾ കണ്ടെത്തിയത് അധികൃതരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. അടുക്കളകളിലെ ശുചിത്വം, ഭക്ഷണസാധനങ്ങളുടെ സംഭരണം, ഉപയോഗിക്കുന്ന എണ്ണയുടെ നിലവാരം എന്നിവയിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
നഗരത്തിലെ കൂടുതൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.