ബെംഗളുരു കസ്തൂരിനഗറിലെ ഒരു പിജിയിൽ പൈപ്പ് വെള്ളം ഉപയോഗിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പിജി ഉടമയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് കോളജ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ലക്ഷ്മി നരസിംഹ പിജിയുടെ നടത്തിപ്പുകാരനായ മാധവ് മാറ്റ്ലെ (37) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ കോളജിലെ അവസാന വർഷ ബികോം വിദ്യാർഥി രാകേഷ് (21), ബിബിഎ വിദ്യാർഥി ഡോൺ ബ്രൈറ്റ് (20) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പൈപ്പ് വെള്ളം ഉപയോഗിച്ച് കാൽ കഴുകിയതിനെ മാധവ് ചോദ്യം ചെയ്തതോടെയാണ് തർക്കത്തിന് തുടക്കമായത്. വാക്കേറ്റം രൂക്ഷമായതോടെ മാധവ് ക്രിക്കറ്റ് ബാറ്റ് എടുത്ത് വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
തുടർന്ന് വിദ്യാർഥികൾ ബാറ്റ് തട്ടിയെടുത്ത് മാധവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മാധവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.