ഗ്രൂപ്പിലെ ആദ്യ വിജയത്തിനായി കാത്തിരുന്ന പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെതിരെ ഗോളുകളുടെ പെരുമഴ തീർത്തു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് എതിരാളികളെ കീഴടക്കിയ പോർച്ചുഗൽ നിർണായക മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇരട്ടഗോളുമായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിൻ്റെ വിജയശില്പിയായത്.

മത്സരത്തിൻ്റെ ആറാം മിനിറ്റിൽ തന്നെ റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. 17-ാം മിനിറ്റിൽ നുനോ മെൻഡസ് നേടിയ മനോഹര ഫ്രീകിക്കിലൂടെ ലീഡ് ഇരട്ടിയായി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ റൊണാൾഡോ വീണ്ടും ലക്ഷ്യം കണ്ടതോടെ പോർച്ചുഗൽ പൂർണ ആധിപത്യം ഉറപ്പിച്ചു.

ഈ ഗോളുകളോടെ തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ നേട്ടവും റൊണാൾഡോയുടെ പേരിലായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോയും സ്കോർ ഷീറ്റിൽ ഇടംപിടിച്ചു. ഉസ്ബെക്കിസ്ഥാൻ പ്രതിരോധ താരം അബ്ദുകൊദിർ ഖുഷാനോവിൻ്റെ സെൽഫ് ഗോളും പോർച്ചുഗലിന് തുണയായി.

തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയ ഉസ്ബെക്കിസ്ഥാന് ലോകകപ്പിലെ മുന്നേറ്റം അവസാനിച്ചു. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ പോർച്ചുഗലിന് ഗ്രൂപ്പിലെ സാധ്യതകൾ നിലനിർത്താൻ അനിവാര്യമായിരുന്ന ജയമാണ് ഇത്.

************

ഗോളുകൾ പിറക്കാതെ അവസാനിച്ച പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ മത്സരത്തിൽ ഇരുടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വലകുലുക്കാൻ ആർക്കും സാധിച്ചില്ല.

ഫോക്സ്ബറോയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോളാണ് ഇരുടീമുകളും പുറത്തെടുത്തത്. എന്നാൽ മത്സരം മുന്നേറിയതോടെ ഇംഗ്ലണ്ട് പന്തടക്കത്തിലും മുന്നേറ്റങ്ങളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.

ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം, ആന്തണി ഗോർഡൻ, എല്ലിയറ്റ് ആൻഡേഴ്സൺ എന്നിവരടങ്ങിയ ഇംഗ്ലീഷ് നിര പലതവണ ഘാനയുടെ ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചു. എന്നാൽ ഘാനയുടെ ഗോൾകീപ്പറും പ്രതിരോധനിരയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലണ്ടിൻ്റെ എല്ലാ ശ്രമങ്ങളും വിഫലമായി.

മറുവശത്ത്, ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ഘാനയും ശ്രമിച്ചെങ്കിലും അവസാന ടച്ചിലെ പിഴവുകൾ തിരിച്ചടിയായി. മത്സരത്തിലുടനീളം 78 ശതമാനം പന്തടക്കവും 619 പാസുകളും 19 ഷോട്ടുകളും സ്വന്തമാക്കിയിട്ടും ഇംഗ്ലണ്ടിന് ഗോൾ നേടാനായില്ല.

സമനിലയോടെ ഇരുടീമുകളും നാല് പോയിന്റ് വീതം സ്വന്തമാക്കി. മികച്ച ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഘാന രണ്ടാം സ്ഥാനത്താണ്.

Related Posts