ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഓപ്പണിങ് ബാറ്റർമാരിലൊരാളാണ് വിരേന്ദർ സെവാഗ്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുകയും ടെസ്റ്റിൽ 2 തവണ ട്രിപ്പിൾ സെഞ്ച്വറി നേടുകയും ചെയ്ത താരം ഏകദിന കരിയറിൽ മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ വിരിമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ താരം മനസ്സ് തുറന്നത്.

അന്ന് കൂടെ നിന്ന് വലിയ ആത്മവിശ്വാസം നൽകിയത് സചിൻ തെണ്ടുൽക്കറാണെന്നും സെവാഗ് പറഞ്ഞു. ഏകദിന പരമ്പരക്കായി ‘2007-08 ൽ ആസ്ട്രേലിയയിൽ ആയിരുന്നു. കോമൺവെൽത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾ കളിച്ചെങ്കിലും പിന്നാലെ നായകൻ എം.എസ്. ധോണി മോശം ഫോമിൻ്റെ പേരിൽ എന്നെ പുറത്തിരുത്തി.

ബാക്കിയുള്ള മത്സരങ്ങൾക്ക് ടീമിലേക്ക് പരിഗണിച്ചില്ല. പ്ലെയിങ് ഇലവൻ്റെ ഭാഗമല്ലാതിരുന്ന ആ സമയത്ത്, ഇനി ഏകദിന ക്രിക്കറ്റ് കളിക്കുന്നതിൽ ഒരു അർഥമില്ലെന്നും വിരമിച്ചാലോ എന്നുവരെ ഞാൻ ആലോചിച്ചു’ സെവാഗ് പറഞ്ഞു. സചിന്‍റെ അടുത്തേക്ക് പോയി ഏകദിനത്തിൽനിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പറഞ്ഞു. അത് വേണ്ടെന്ന് സചിൻ മറുപടി നൽകി.

സചിനും 1999-2000 കാലഘട്ടത്തിൽ സമാന അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറഞ്ഞു. ക്രിക്കറ്റ് തന്നെ മതിയാക്കിയാലോ എന്നുവരെ ആലോചിച്ചു. മോശം സമയം എല്ലാവർക്കും ഉണ്ടാകും, അത് കടന്നുപോകും നിങ്ങളുടെ മോശം സമയവും കടന്നുപോകും.

ഒരു തീരുമാനവും വൈകാരികമായി എടുക്കരുത്. കാത്തിരിക്കുക, എന്നിട്ട് തീരുമാനമെടുക്കുക. ആ പരമ്പര അവസാനിച്ചു. ഞാൻ അടുത്ത പരമ്പരയിൽ കളിക്കുകയും ധാരാളം റൺസ് നേടുകയും ചെയ്തു. 2011 ഏകദിന ലോകകപ്പ് കളിച്ചു. കിരീടവും നേടി’ -സെവാഗ് കൂട്ടിച്ചേർത്തു.

Related Posts