നീറ്റ് പുനഃപരീക്ഷ എഴുതാൻ മൂന്ന് വിദ്യാർഥികൾക്ക് അവസരം നഷ്ടമായത് കോൺഗ്രസ് കൺവൻഷനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കാരണമല്ലെന്ന് വ്യക്തമാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും യാത്രാ വിവരങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് വിശദീകരണം പുറത്തുവിട്ടത്.

വിദ്യാർഥികൾക്ക് പരീക്ഷ നഷ്ടമായത് കോൺഗ്രസ് കൺവൻഷൻ മൂലമുണ്ടായ ട്രാഫിക് തടസമാണെന്ന് ബിജെപി ആരോപിച്ചതിനെ തുടർന്ന് വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമായിരുന്നു. എന്നാൽ പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ ആരോപണങ്ങൾക്ക് പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

ആർടി നഗറിൽ നിന്നുള്ള ഒരു പരീക്ഷാർഥി വീട്ടിൽ നിന്ന് വൈകിയാണ് പുറപ്പെട്ടതെന്നും പരീക്ഷാകേന്ദ്രത്തിലെത്താൻ സാധാരണ വഴിക്ക് പകരം ദൈർഘ്യമേറിയ റൂട്ട് തെരഞ്ഞെടുത്തതുമാണ് വൈകാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.57ന് വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി പരീക്ഷാകേന്ദ്രത്തിലെത്തിയത് 1.33നായിരുന്നു. എന്നാൽ 1.30ന് തന്നെ പ്രവേശന കവാടം അടച്ചതിനാൽ പരീക്ഷ എഴുതാൻ സാധിച്ചില്ല. പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാനുള്ള അവസാന സമയത്തിന് വെറും 33 മിനിറ്റ് മുൻപാണ് വിദ്യാർഥി യാത്ര ആരംഭിച്ചതെന്നും ആ സമയത്ത് പ്രദേശത്ത് കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ലെന്നും സിസിടിവി പരിശോധനയിൽ വ്യക്തമായതായി ട്രാഫിക് പൊലീസ് അറിയിച്ചു.

ജൂൺ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.15 വരെയായിരുന്നു പരീക്ഷാസമയം. രാവിലെ 11 മണി മുതൽ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് 1.30ന് ശേഷം എത്തിയവർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.

ബെംഗളൂരു പാലസ് റോഡിലെ രാമനാരായൺ ചെല്ലാറാം കോളജിന് മുന്നിൽ പരീക്ഷ എഴുതാനാകാതെ കരയുന്ന മൂന്ന് വിദ്യാർഥികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവരിൽ ഒരാൾ മാഗഡിയിൽ നിന്നെത്തിയ വിദ്യാർഥിയാണെന്നും പാലസ് റോഡിലെ ഗതാഗതവുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും മന്ത്രി പ്രിയങ്ക് ഖർഗെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിദ്യാർഥി പഴയ ഹാൾടിക്കറ്റുമായെത്തിയതിനാലാണ് പരീക്ഷ എഴുതാനാകാതെ പോയത്.

Related Posts