കുദ്രെമുഖ് വന്യജീവി ഡിവിഷന് കീഴിലുള്ള നാല് പ്രധാന ട്രെക്കിങ് പാതകളിൽ വനംവകുപ്പ് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി. കുദ്രെമുഖ്, നേത്രാവതി, കുറിഞ്ഞാൽ, ഗണ്ഡിക്കൽ എന്നീ ട്രെക്കിങ് പാതകളിലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നേരത്തെ ട്രെക്കിങ് നിരോധിച്ചിരുന്ന 16 പാതകളിൽ എട്ടെണ്ണം വനംവകുപ്പ് വീണ്ടും തുറന്നിരുന്നു. ഇവിടെയാണ് ഇപ്പോൾ പുതിയ സുരക്ഷാ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ മാർഗനിർദേശപ്രകാരം ഗൈഡില്ലാതെ ഇനി ട്രെക്കിങ് അനുവദിക്കില്ല. ഓരോ 10 ട്രെക്കർമാർക്കും ഒരു ഗൈഡ് നിർബന്ധമാണ്. കൂടാതെ, ജിപിഎസ് സൗകര്യമുള്ള വോക്കി-ടോക്കി ഗൈഡുകൾ കൈവശം വഹിക്കണം. ഒരു ദിവസം ഒരു ട്രെക്കിങ് പാതയിൽ പരമാവധി 150 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.

ഏപ്രിലിൽ കുടകിലെ തഡിയൻഡമോൾ ട്രെക്കിങ്ങിനിടെ നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യ കുടുങ്ങിയ സംഭവവും, ചിക്കമംഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ പാലക്കാട് സ്വദേശിനിയായ 15-കാരി ശ്രീനന്ദ വ്യൂപോയിന്റിൽ നിന്ന് വീണ് മരിച്ച സംഭവവും വലിയ ചർച്ചയായിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രെക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

Related Posts