സ്വിഗി ഇൻസ്റ്റാമാർട്ട് വഴി ഇനി പാചകവാതക സിലിണ്ടറും വീട്ടുപടിക്കൽ. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) കൈകോർത്താണ് സ്വിഗി രാജ്യത്ത് ആദ്യമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി എൽപിജി സിലിണ്ടർ വിതരണം ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ ബെംഗളൂരുവിലാണ് സേവനം ലഭ്യമാകുക. എച്ച്പിസിഎൽ പുറത്തിറക്കിയ 10 കിലോ ഭാരമുള്ള ‘എച്ച്പി നവ്യ’ എൽപിജി സിലിണ്ടറുകളും 5 കിലോ സിലിണ്ടറുകളും ഇൻസ്റ്റാമാർട്ട് ആപ്പ് വഴി ഓർഡർ ചെയ്യാം.
ഗാർഹിക എൽപിജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താനാകുമെന്നതാണ് പ്രത്യേകത. ആദ്യ ഓർഡർ പുതിയ സിലിണ്ടർ വാങ്ങുന്നതായിരിക്കും. തുടർന്ന് റീഫിൽ ആവശ്യമായപ്പോൾ ഒഴിഞ്ഞ സിലിണ്ടർ ഡെലിവറി ജീവനക്കാരന് കൈമാറിയാൽ മതി.
എച്ച്പിസിഎല്ലിൻ്റെ അംഗീകൃത വിതരണ ശൃംഖല വഴിയാണ് സിലിണ്ടറുകൾ വീടുകളിലെത്തിക്കുക. ആദ്യ ഓർഡറിന് തിരിച്ചറിയൽ രേഖ പരിശോധിക്കൽ നിർബന്ധമായിരിക്കും. ബെംഗളൂരുവിൽ വിജയകരമായാൽ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.