മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയ്ക്ക് 93 വയസ്സ്. ഇന്നലെയായിരുന്ന അദ്ദേഹത്തിൻ്റെ 93ആം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ എച്ച്.ഡി. ദേവഗൗഡയ്ക്ക് ജന്മദിനാശംസകൾ നേർന്നു. പ്രായത്തിൻ്റെ അവശതകളുണ്ടെങ്കിലും കർണാടകത്തിൻ്റെ പൊതുജീവിതത്തിൽ സജീവമാണ് ദേവഗൗഡ. രാജ്യസഭാംഗത്വത്തിൻ്റെ കാലാവധി ഈയിടെ പൂർത്തിയായിരുന്നു. വീണ്ടും രാജ്യസഭാംഗമാകാൻ അദ്ദേഹം തയ്യാറായേക്കുമെന്നാണ് സൂചന.

നീണ്ടവർഷങ്ങളിലെ പൊതുജീവിതത്തിലൂടെ ദേവഗൗഡ രാജ്യത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നയപരമായ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും പാർശ്വവത്കരിക്കപ്പെട്ടവരെ സേവിക്കാനുള്ള അഭിനിവേശവും അദ്ദേഹത്തിനുണ്ടായിരുന്നെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള തുടങ്ങിയവരും ആശംസകൾ നേർന്നു.

“93 വയസ്സു പൂർത്തിയായെന്നു പറഞ്ഞ് വീട്ടിലിരിക്കില്ല. എൻ്റെ 68 വർഷത്തെ രാഷ്ട്രീയജീവിതത്തിലുടനീളം ഞാൻ പോരാടുകയായിരുന്നു. ജനങ്ങൾക്കുവേണ്ടി പോരാടുകയാണ് എൻ്റെ ജോലി. അത് ഞാൻ ചെയ്യും”-ദേവഗൗഡ പറഞ്ഞു.

Related Posts